Friday 4 April 2014

ആദ്യാനുഭവം

ആദ്യാനുഭവം
മരണവുമായി ആദ്യത്തെ അഭിമുഖം 1964 ല്.
രണ്ടാം എം.ബി.ബി.എസ്സിനു കോട്ടയം മെഡിക്കൽ
കോളേജിൽ പഠിക്കുന്ന കാലം.
ഇന്നത്തെ ഗാന്ധിനഗർ അന്നു പഴയ ആർപ്പൂക്കര.
അവിടെ ചെന്നു പറ്റാൻ യാത്രാസൗകര്യം കുറവ്.
അനാട്ടമിപ്രൊഫസ്സർ ഡോ.മഹന്തി.ബയോകെമിസ്റ്റ്രി മേധാവി
ഡോ.യജ്ഞനാരായണ അയ്യർ എന്നിവർ കോട്ടയത്തു നിന്നു
ബസ്സുകയറി കുടമാളൂർ അല്ഫോൻസാമ്മയുടെ ജന്മസ്ഥലത്തിന
ടുത്തിറങ്ങി
അവിടെ നിന്നും കോളേജ് വരെ നടക്കുമായിരുന്നു.

ശങ്ക്രാത്തി വരെ ബസ്സിൽ ചെന്നാലവിടെ നിന്നും പാടെ വരമ്പത്തൂടെ
ആർപ്പൂക്കര വരെ നടക്കേണ്ടി യിരുന്നു.നീലിമംഗലം-ഗാന്ധി നഗർ
റോഡ്-ആദ്യ പ്രിൻസിപ്പൽ ഡോ.സി.എം.ഫ്രാൻസ്സിസിന്റെ സ്വപ്ന
പദ്ധത്തി-70 മൈൽ സ്പീഡിൽ നേരെയുള്ള വഴിയിലൂടെ മെഡിക്കൽ
കോളേജാശുപത്രിയിൽ ചാല്ലാനുള്ള റോഡ് നിർമ്മിച്ചു തുടങ്ങുന്ന
സമയം.
മാസത്തിൽ അവസാന ആഴ്ചയിൽ ഹോസ്റ്റൽ ഫീസ് കോടുക്കാനുള്ള
പണം വാങ്ങാൻ വീട്ടിൽ 37 കിലോമീറ്റർ അകലെയുള്ള കാനത്തിനു
പോകും.ഒരിടവപ്പാതി കാലം.വീട്ടിൽ നിന്നും പണം വാങ്ങി നീലിമംഗലത്തെത്തുമ്പോൾനല്ല മഴ.അഞ്ചു മണി സമയം.വരമ്പത്തു കൂടി നടന്നു പോകുമ്പോൾ കാൽവഴുതി അഗാധമായ കുഴിയിലേക്കു വീണു.റോഡ് നിർമ്മാണം പകുതി വഴിയിൽ .വടക്കു വശത്തുള്ള പാടശേഖരത്തിലെ വെള്ളം ഇടത്തുവശത്തേക്കു കൂലം കുത്തി പായുന്ന സ്ഥലത്ത് കലുങ്ങിനായി നിർമ്മിച്ചകുഴി.

നാലഞ്ചു മിനിട്ടു വെള്ളം കുടിച്ചു.നീന്തൽ അറിയില്ല.മരണം മുന്നിൽ.
റോഡ് പണി കഴിഞ്ഞു മടങ്ങാൻ തുടങ്ങിയ ചില പണിക്കാർ കണ്ടു.
അവർ ചാടി ഇറങ്ങി രക്ഷ പെടുത്തി.ഷർട്ടിന്റെ പോക്കറ്റിൽ ഒരു മാസത്തെചെലവിനുള്ള നൂറു രൂപാ ഒറ്റനോട്ടായി ഉണ്ടായിരുന്നു.അതൊഴുകി
പോയെങ്കിലും ഒരാൾ പിടിച്ചെടുത്തു തന്നു.റബ്ബർ ചെരിപ്പുകൾ നഷ്ടപ്പെട്ടു.
മുണ്ടൂം ഷർട്ടും പിഴിഞ്ഞുടുത്തു,നടന്നു ഹോസ്റ്റലിൽ ചെന്നപ്പോഴേക്കും
അതു രണ്ടും ഉണങ്ങി.അതിനാൽ മുങ്ങിയ വിവരം സഹമുറിയന്മാർ
പോലും അറിഞ്ഞ്നില്ല.
പക്ഷേ പിറ്റേ ദിവസം നാട്ടുകാരിൽ ഒരാൾ നഷ്ടപ്പെട്ട റബർ ചെരിപ്പുകളുമായി
ഹോസ്റ്റലിൽ എത്തി.അങ്ങനെ സംഭവം കോളേജ് മുഴുവൻ അറിഞ്ഞു.
തീരെ മെലിഞ്ഞിരുന്ന ഞാൻ പൊങ്ങിക്കിടന്ന നൂറുരൂപാ നോട്ടിൽ കടന്നു
പിടിച്ചാണു രക്ഷ പെട്ടത് എന്നു പോലും ചിലർ പറഞ്ഞു പരത്തി.
കോട്ടയം മെഡിക്കൽ കോളേജ് കനകജൂബിലി ആഘോഷിച്ചപ്പോൾ
മലയാല മനോരമ ഒരു സ്പെഷ്യൽ പതിപ്പിറക്കി.ആദ്യവർഷ വിദ്യാർത്ഥികളുടെ
അനുസ്മരണ കുറിപ്പുകൾ ഉണ്ടായിരുന്നു.മുങ്ങി മരിക്കാൻ പോയ
സംഭവം ഞാൻ എഴുതി.ഒരു മാസത്തെ ബഡ്ജറ്റ് അലോട്ട്മെന്റായ നൂറു രൂപയുമായി
ഞാൻ മുങ്ങിയ സംഭവം മനോരമ എഡിറ്റ് ചെയ്തു.
പോക്കറ്റ് മണിയായ നൂറു രൂപയുമായി എന്നു തിരുത്തി.
പാവം ന്യൂ ജനറേഷൻ എഡിറ്റർ. നൂറു രൂപ അദ്ദേഹത്തിന്റെ നോട്ടത്തിൽ വെറും"പോക്കറ്റ് മണി"
എന്നാൽ 1964 കാലത്ത് മെഡിക്കൽ കോളേജിൽ ചെലവിനായി മാസം
80 രൂപാ മതിയായിരുന്നു.ടൗണിൽ പോയി സിനിമ കാണാനും ഷോപ്പിംഗിനുമായി 10 രൂപാ.
എന്നാലും 10 രൂപാ മിച്ചം.നാലുമാസം അതു കൂട്ടിവച്ചാൽ അക്കാല ത്തൊരു ടെർലിൻ ഷർട്ട്
(അയൺ ചെയ്യേണ്ടാത്ത
ഷർട്ട് )വാങ്ങാമായിരുന്നു(വില 40 രൂപാ)50 വിദ്യാർത്ഥികളിൽ 5 പേർ മാത്രമായിരുന്നു
സമ്പന്ന കുടുംബങ്ങളിൽ നിന്നു വന്നവർ.നാലു മാസം കാത്തിരുന്ന്,
അങ്ങിനെ ദാഹിച്ചു മോഹിച്ചു ടെർലിൻ ഷർട്ട് വാങ്ങിച്ച എത്രയോ സഹപാഠികൾ.
ഇന്നവരെല്ലാം എത്രയോ ഉന്നതങ്ങളിൽ എത്തി.

Tuesday 1 April 2014

മൂന്നാമതൊരു ഏറ്റുമുട്ടൽ കൂടി

മൂന്നാമതൊരു ഏറ്റുമുട്ടൽ കൂടി

കൃത്യം ഒരു മാസം തികയുന്നു.
ഇക്കഴിഞ്ഞ മാർച്ച് മൂന്നിനായിരുന്നു.
സാക്ഷാൽ മരണവുമായി മറ്റൊരേറ്റുമുട്ടൽ.
മൂന്നാമ ത്തേതും അതിശക്തിമത്തായതുമായ ഏറ്റുമുട്ടൽ.
ഇവിടെയും പരാജയം മരണത്തിനായിരുന്നു.
കൃത്യസമയത്തു സഹായിക്കാൻ ബന്ധുക്കളും വിദഗ്ദ
ഡോക്ടർ സംഘവും പാരാമെഡിക്കൽ സ്റ്റാഫും
ലഭ്യമായി. 
ദൈവം തുണച്ചു.
ഒപ്പം ആധുനിക വൈദ്യ ശാസ്ത്രവും.
ഏറ്റു മുട്ടലിന്റെ വിവരം രഹസ്യമാക്കി വക്കാൻകഴിഞ്ഞു.
അടുത്ത ബന്ധുക്കൾ മാത്രം അറിഞ്ഞു.
അക്ക്യൂട്ട് മയോകാർഡിയൽ ഇൻഫാർക്ഷൻ.
അടിയന്തരമായി ആഞ്ചിയോഗ്രാമും ആഞ്ചിയോപ്ലാസ്റ്റിയും.
യൂ.കെ യിൽ ഡോക്ടർമാരായം മകനും മകളുംപറന്നെത്തി.
ഫേസ്ബുക്കിലെ അടുത്ത സുഹൃത്തുക്കളിൽ നിന്നു പോലും
വിവരം മറച്ചു വച്ചു.സ്പൈസ്സ്സസ് ബോർഡിലെ
വിജീഷ്ണയ്ക്കു മാത്രമാണു എന്തോ സംശയം തോന്നിയത്.
മാർച്ച് മൂന്നു മുതൽ പത്തുവരെ കോട്ടയം തെള്ളകത്തെ
കാരിത്താസ് കാർഡിയോളജിക്കൽ സെന്ററിൽ കിടന്നു.
ജോണി ജോസഫ്, ദീപക് ഡേവിഡ്സൺ തുടങ്ങിയ
ഡോക്ടറന്മാരുടെ വിദഗ്ദപരിചരണത്തിൽ.
ഒരു മാസം വിശ്രമം.
മുപ്പത്തി ഒന്നാം തീയതിആദ്യ ചെക്കപ്പ്.
ഇപ്പോൾ വിശേഷം ഒന്നു മില്ല.
സുഖം.വിശ്രമം.

അടുത്ത ഒരേറ്റുമുട്ടൽ ഉണ്ടായാലതും അതി ജീവിക്കുമോ?
പറയാനൊക്കില്ല.
അതിന്റെ വിശദവിവരങ്ങൾ എഴുതാൻ
കഴിയണമെന്നുമില്ല.
അതിനാൽ കഴിഞ്ഞ മൂന്ന് ഏറ്റുമുട്ടലുകളെ കുറിച്ച്
വിശദമായി എഴുതാം.
മെഡിസിൻ പഠിപ്പിച്ച ഗുരുനാഥൻ കോട്ടയം മെഡിക്കല് കോളേജിലെ
മെഡിസിൻ വിഭാഗം റിട്ട്പ്രൊ.ഫസർ ഡോ.പാറയ്ക്കന്റെ
ഒരു കൃതിയുണ്ട്.
മൈ ബ്രഷെസ് വിത് ഡത്ത്.
മൂന്നു തവണ
ഹാർട്ട് അറ്റാക്ക് വരുകയം അതു മൂന്നിനേയും
അതിജീവിക്കയും ചെയ്ത പാറയ്ക്കൻ സാർ.
എന്നെ സബന്ധിച്ചിടത്തോളം
ആദ്യത്തേത് മുങ്ങി മരണവെപ്രാളം.1963 ല്
അടുത്തത് മസ്തിഷ്ഘാതം.15 വർഷം മുൻപ്.
പന്തളത്തു വച്ച്.
ഇപ്പോൾ ഹൃദയാഘാതവും(2014)